തിരുവനന്തപുരം: നഗരൂരിൽ പുരയിടത്തിൽ അച്ഛനും മകനും മരിച്ചനിലയിൽ. അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60) മകൻ അഖിലുമാണ് (35) മരിച്ചത്. സംഭവത്തിൽ പുരയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടയ്‌ക്കെതിരെ കേസെടുത്തു.
രാത്രിയിൽ ഇരുവർക്കും ഷോക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. പുരയിടത്തിന് സമീപത്തേയ്ക്ക് വന്നപ്പോൾ ഇരുവർക്കും ഷോക്കേറ്റതാകാം എന്നാണ് കരുതുന്നത്. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടെ അടക്കം ശല്യം ഉണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാൻ സ്ഥാപിച്ച അനധികൃത വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
അച്ഛനും മകനും ഈ പുരയിടത്തിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് ചില പ്രദേശവാസികൾ പറയുന്നത്. എന്നാൽ പുരയിടത്തിന് അരികിൽ താമസിക്കുന്ന അച്ഛനും മകനും ഇത് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.
