ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ….. പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭി​ഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അഭി​ഗീത് ക്ലാസിൽ വന്നിരുന്നു. പിന്നാലെ ഇന്റർവെൽ സമയത്ത് വീണ്ടും റൂമിലേക്ക് തിരിച്ചു പോയി. അതിന് ശേഷം ക്ലാസിലേക്ക് വന്നില്ല. കാണാത്തതിനെ തുടർന്ന് മറ്റ് വി​ദ്യാർത്ഥികൾ വന്ന് നോക്കിയപ്പോഴാണ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉടനെ തന്നെ അധ്യാപകരെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുറിപ്പിന്റെ ഉള്ളടക്കം എന്താണെന്ന് വിവരം പുറത്തുവന്നിട്ടില്ല. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. കായംകുളം സ്വദേശിയാണ് അഭി​ഗീത്. ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാർത്ഥിയെയും ചെന്നിത്തല നവോദയ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബത്തെ വിവരമറിയിച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

أحدث أقدم