ദിലീപിന് വീണ്ടും കുരുക്ക്… വെറുതെവിട്ട പ്രതികൾക്കെതിരെ സർക്കാർ നീക്കം… നടിയെ ആക്രമിച്ച കേസിൽ വീണ്ടും നിയമപോരാട്ടം


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് അടക്കമുള്ളവർക്ക് തിരിച്ചടിയായി ഹൈക്കോടതി നീക്കം. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതേത്തുടർന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

വിചാരണക്കോടതിയുടെ വിധിയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഏകദേശം 300 പേജുകളുള്ള വിശദമായ അപ്പീലാണ് സർക്കാർ സമർപ്പിച്ചത്. വിധിയിലെ നിയമപരമായ പിഴവുകളും തെളിവുകൾ വിലയിരുത്തുന്നതിൽ വന്ന പോരായ്മകളും അപ്പീലിൽ അക്കമിട്ട് നിരത്തുന്നുണ്ട്.

നെടുമ്പാശ്ശേരി എസ്.എച്ച്.ഒ മുഖേനയാകും വിചാരണക്കോടതി വെറുതെവിട്ട പ്രതികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ് കൈമാറുക. അപ്പീൽ സ്വീകരിച്ച സാഹചര്യത്തിൽ കേസിൽ വീണ്ടും വാദം കേൾക്കാനുള്ള നടപടികളിലേക്ക് കോടതി കടക്കും. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നൽകിയ വിധി റദ്ദാക്കണമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. ഈ നീക്കം അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതിനുള്ള പോരാട്ടത്തിൽ നിർണ്ണായകമാകുമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.

Previous Post Next Post