
ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗീയ പ്രസ്താവന നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു.
ഗോപാലകൃഷ്ണന്റെ പ്രസ്താവന വർഗീയത ലക്ഷ്യംവച്ചാണ്. ഗുരുവായൂരിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ബിജെപിക്കാവില്ല. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗീയ പ്രസ്താവന നടത്തിയതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നിയമപരമായും നേരിടുമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പ്രസ്താവനയിൽ പറഞ്ഞു.
രണ്ടു കൊല്ലമായി തൃശൂരിന്റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുൽ ഖാദർ വിമർശിച്ചു. മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വർഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ബി ഗോപാലകൃഷ്ണന് എതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉൾപ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു തൃശ്ശൂർ ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു.
ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്റെ പരാമർശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചത്.