സംയമനം ദൗർബല്യമല്ല, കരുത്ത്’; ഇറാൻ വിഷയത്തിൽ കേന്ദ്ര നിലപാടിനെ ശരിവെച്ച് ശശി തരൂർ


ഇറാൻ വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ സർക്കാരിന്റെ മൗനത്തെ പാർട്ടി നേതൃത്വം വിമർശിക്കുമ്പോഴും, കേന്ദ്രത്തിന് പിന്തുണയുമായി ശശി തരൂർ എംപി വീണ്ടും രംഗത്തെത്തി. സർക്കാരിന്റെ നീക്കം തന്ത്രപരമായ നയതന്ത്രമാണെന്നും ഇത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള പിന്മാറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു സന്ദർഭത്തിൽ ഒരു കോൺഗ്രസ് സർക്കാരിന് ഉപദേശം നൽകേണ്ടതായി വന്നാൽ ഈ ഘട്ടത്തിൽ സംയമനം പാലിക്കാൻ ആവശ്യപ്പെടുമെന്നും അതുതന്നെയാണ് കേന്ദ്ര സർക്കാർ നിലവിൽ ചെയ്യുന്നതെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സംയമനം കീഴടങ്ങലല്ലെന്നും മറിച്ച് അത് കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തരൂരിന്റെ പ്രസ്താവനയ്ക്ക് മുമ്പ്, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കേന്ദ്ര സർക്കാരിനെയും സർക്കാരിന്റെ വിദേശനയത്തെയും ചോദ്യം ചെയ്തിരുന്നു. സർക്കാരിന്റെ നിലപാട് “നമ്മുടെ വിദേശനയത്തിന്റെ ദിശയെയും വിശ്വാസ്യതയെയും കുറിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നു” എന്ന് സോണിയ പറഞ്ഞിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിന് വേണ്ടി എഴുതിയ ഒരു ലേഖനത്തിൽ, ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെ സംബന്ധിച്ച് കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിനെ സോണിയ ഗാന്ധി ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്റെ മൗനം നിഷ്പക്ഷമല്ല, മറിച്ച് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് അവർ പറഞ്ഞു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം പരിഷ്കൃതവും തന്ത്രപരവുമാണെന്നും പല അവസരങ്ങളിലും ഇറാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും സോണിയ സർക്കാരിനെ ഓർമ്മിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ മധ്യത്തിൽ ഒരു രാഷ്ട്രത്തലവൻ കൊല്ലപ്പെടുന്നത് സമകാലീന അന്താരാഷ്ട്ര ബന്ധങ്ങളിൽ ഒരു ഗുരുതരമായ വിള്ളൽ സൃഷ്ടിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് എംപി മനീഷ് തിവാരിയും പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്ര സർക്കാരിനെ പ്രശംസിച്ചിരുന്നു.

Previous Post Next Post