ബന്ധുക്കള്‍ ഏറ്റെടുത്തില്ല; വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ അഞ്ച് പേര്‍ക്കും എറണാകുളത്ത് അന്ത്യനിദ്ര




കൊച്ചി: വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്‌കാരം എറണാകുളത്ത് നടത്തി. ബന്ധുക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് അഞ്ചു പേരുടെയും സംസ്‌കാരം വടുതല ശ്മശാനത്തിലാണ് നടത്തിയത്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരിച്ച ശ്രീകുമാരിയുടെ സഹോദരനും മറ്റ് ബന്ധുക്കളും വിളപ്പില്‍ശാലയില്‍ നിന്നും എറണാകുളത്ത് എത്തിയിരുന്നു. ഇവരുടെ നിര്‍ദ്ദേശത്തോടെയായിരുന്നു സംസ്‌കാര ചടങ്ങ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കാവുവിള പരേതനായ ജി സുരേന്ദ്രന്‍ നായരുടെ ഭാര്യ വൈ ശ്രീകുമാരി, മകള്‍ അശ്വതി എസ് നായര്‍, അശ്വതിയുടെ മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവരാണ് മരിച്ചത്. ശ്രീകുമാരിയും മകളും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു. വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡന്‍ സ്ട്രീറ്റ് വണ്‍ ബിയിലെ വില്ലയിലാണ് രണ്ട് മാസം മുമ്പ് അഞ്ചംഗ കുടുംബം വാടകയ്‌ക്കെടുത്തത്. വീട്ടുടമയുടെ ബന്ധുവിനോട് വീടൊഴിയാന്‍ തീരുമാനിച്ചെന്ന് പറഞ്ഞതിന് പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം.

വില്ലയില്‍ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ അശ്വതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ക്കും ഭര്‍തൃമാതാവിനും അയല്‍വാസികള്‍ക്കുമെതിരെ ആരോപണമുണ്ട്. അശ്വതിയുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. ഇക്കഴിഞ്ഞ ജൂലായിലാണ് അശ്വതിയുടെ ഭര്‍ത്താവ് അശ്വത്ത് ജീവനൊടുക്കിയത്. തുടര്‍ന്നുണ്ടായ ഒറ്റപ്പെടലാവാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.

أحدث أقدم