ഭാര്യ ഒരുമാസം മുന്‍പ് മുസ്ലീം ലീഗിൽ…പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍…


കൊല്ലം: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന എന്‍ ചന്ദ്രബാബു ബിജെപിയില്‍ ചേര്‍ന്നു. ചന്ദ്രബാബുവിന്റെ ഭാര്യ, സിപിഎം ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന സുജ ചന്ദ്രബാബു ഏതാനും ദിവസം മുന്‍പു പാര്‍ട്ടി വിട്ടു മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു. ദമ്പതികളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ കാരണം പാര്‍ട്ടിക്കു പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെന്നു സിപിഎം ഏരിയ, ജില്ലാ ഘടകങ്ങളില്‍ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണു ഇരുവരും വ്യത്യസ്ത പാര്‍ട്ടികളില്‍ അംഗങ്ങളായത്.

മുപ്പത് വര്‍ഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ ചന്ദ്രബാബു കഴിഞ്ഞ മാസം മുസ്ലിം ലീഗില്‍ ചേര്‍ന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന സുജയുടെ മാറ്റം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവായ എന്‍. ചന്ദ്രബാബു ബിജെപിയില്‍ എത്തിയത്

Previous Post Next Post