പിരിച്ചുവിട്ട എംപാനലുകാരെ തിരിച്ചെടുക്കണം…കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി ട്രിബ്യൂണൽ വിധി




തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ട 3500-ലധികം വരുന്ന എംപാനൽ ജീവനക്കാരെ ഉടനടി തിരിച്ചെടുക്കണമെന്ന് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ഉത്തരവിട്ടു. ഒരു വർഷം 249 ദിവസം തുടർച്ചയായി ജോലി ചെയ്തവർക്കാണ് ഈ വിധി ഗുണകരമാകുക. പിരിച്ചുവിട്ട കാലയളവ് മുതലുള്ള സർവീസ് ആനുകൂല്യങ്ങളുടെ 50 ശതമാനം വേതനമായി നൽകണമെന്നും ട്രിബ്യൂണൽ ജഡ്ജി സ്മിത ജാക്‌സൺ കെ.ജെ. വിധിച്ചു.

വിചാരണ വേളയിൽ എംപാനൽ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി നൽകാതെ ഒളിച്ചുകളി നടത്തിയ കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റിനെ ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചു. പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു മുൻപ് എംപാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. എന്നാൽ ഇവരുടെ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി. വർക്കേഴ്സ് ഫെഡറേഷൻ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. 2012-ൽ ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് യൂണിയനുമായി കരാർ ഒപ്പിട്ടെങ്കിലും മാനേജ്‌മെന്റ് അത് നടപ്പിലാക്കിയിരുന്നില്ല.


Previous Post Next Post