
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് നിലവിലുള്ളതെന്ന് ആദ്യ പരാതിക്കാരി സുപ്രീംകോടതിയിൽ. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുലിനെതിരെയുണ്ടെന്നും പരാതിക്കാരി സുപ്രീംകോടതിയിൽ വ്യക്തമാക്കി. രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കുകയും ചെയ്തുവെന്ന കേസിലാണ് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ ഹൈക്കോടതിയുടെ നടപടി നിയമപരമായി തെറ്റാണെന്നും അത് റദ്ദാക്കണമെന്നും പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മുൻകൂർ ജാമ്യത്തിൽ തുടരുന്ന രാഹുലിന്റെ സാന്നിധ്യം തന്നെ തന്റെ ജീവന് ഭീഷണിയാണെന്നും യുവതി ഹർജിയിൽ പറയുന്നു. കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ കോടതി നടത്തിയ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും, ഇതിലൂടെ പരാതിക്കാരിയെ തന്നെ സംശയിക്കുന്ന തരത്തിലുള്ള ‘മിനി വിചാരണ’ നടന്നുവെന്നുമാണ് ഹർജിയിലെ ആരോപണം.
ഇതോടൊപ്പം, അന്വേഷണത്തിനിടെ പരാതിക്കാരിയെ സംബന്ധിച്ച് കോടതി നടത്തിയ പരാമർശങ്ങൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസിലെ ആദ്യ പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.