പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തി… പാലക്കാട്ടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ തൃശൂരിൽ ആവേശം വിതറി പ്രധാനമന്ത്രി


        

പാലക്കാട്ടെ വൻ പൊതുസമ്മേളനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് കരുത്തുപകരാൻ സ്വരാജ് ഗ്രൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. മോദിയെ കാണാനായി പുലർച്ചെ മുതൽ പതിനായിരക്കണക്കിന് ആളുകളാണ് തൃശൂർ നഗരത്തിൽ തടിച്ചുകൂടിയിരിക്കുന്നത്.

പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം കുട്ടനല്ലൂരിലെ അച്യുതമേനോൻ കോളേജ് ഹെലിപാഡിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെ നിന്ന് കാർ മാർഗ്ഗമാണ് അദ്ദേഹം റോഡ് ഷോ നടക്കുന്ന സ്വരാജ് ഗ്രൗണ്ട് പരിസരത്തേക്ക് എത്തിയത്. തൃശൂർ ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുന്നത്. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാലും സി.സി. മുകുന്ദനും പ്രധാനമന്ത്രിയോടൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.

പാലക്കാട് വികസനത്തിന്റെ ‘മോദി ഗ്യാരന്റി’ പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം തൃശൂരിലെത്തിയത്. കൽപ്പാത്തിയെ കാശിയോട് ഉപമിച്ച അദ്ദേഹം, കേരളത്തിന്റെ അതിവേഗ വികസനത്തിന് ബിജെപിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. കേരളത്തിലെ മഹാന്മാരെ പേരെടുത്ത് പരാമർശിച്ചായിരുന്നു പാലക്കാട്ടെ അദ്ദേഹത്തിന്റെ പ്രസംഗം. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തൃശൂർ നഗരത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ജനങ്ങളുടെ ഒഴുക്കിന് കുറവില്ലായിരുന്നു
أحدث أقدم