പൊതുജനാരോഗ്യം തമാശയല്ല…. കടവന്ത്രയിലെ മാലിന്യക്കൂമ്പാരത്തിൽ കോർപ്പറേഷനോട് വിശദീകരണം തേടി ഹൈക്കോടതി


കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി. നഗരത്തിലെ മാലിന്യപ്രശ്നം പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി, വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു.

കൊച്ചു കടവന്ത്ര – ആനംതുരുത്തിച്ചിറ റോഡിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് ഗൗരവതരമായ വിഷയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. നിലവിലുള്ള മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ നഗരത്തിൽ എത്രത്തോളം കാര്യക്ഷമമായാണ് നടപ്പിലാക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു.

നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കണമെന്നും കുറ്റം ആവർത്തിക്കുന്നവർക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു. നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതികൾ ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ബ്രഹ്മപുരം പ്ലാന്റിലെ പ്രതിസന്ധികൾക്ക് പിന്നാലെ നഗരത്തിൽ മാലിന്യം കുന്നുകൂടുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.


أحدث أقدم