പണം നൽകി ആളെ കൂട്ടേണ്ട ഗതികേട് തനിക്ക് വന്നിട്ടില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. വട്ടിയൂർക്കാവിൽ മുൻപ് ജയിച്ചത് കൂലിക്ക് ആളെ കൂട്ടിയിട്ടല്ല. തോൽവി ഭയക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കുടിലതന്ത്രമാണിതെന്നും യുഡിഎഫിനെ താറടിച്ചു കാണിക്കാനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് യുഡിഎഫ് തന്നെ പരസ്യം നൽകിയതാണെന്നും ഇപ്പോൾ ആരോപണം തന്റെ പേരിൽ കെട്ടിവെക്കുകയാണെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. വട്ടിയൂർക്കാവിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും വ്യക്തിപരമായ ആക്രമണമാണ് മുരളീധരൻ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ. മുരളീധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടർ ചാനലിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കാനും ലഹള ഉണ്ടാക്കാനും ശ്രമിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ വോട്ടർമാർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. യുഡിഎഫിന്റെ പ്രചാരണ വാഹനത്തിന് പിന്നിൽ പുറത്തുനിന്നുള്ളവരാണെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ, വികസനം ചർച്ച ചെയ്യാതെ വ്യക്തിഹത്യ നടത്തുകയാണെന്ന് യുഡിഎഫും തിരിച്ചടിക്കുന്നു