ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഇറാൻ ആക്രമിച്ചു




ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ ആക്രമണം നടത്തി. അർധരാത്രിയോടെയുണ്ടായ ആക്രമണത്തിൽ ഒരു ഏഷ്യൻ വംശജൻ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റതായിഎയർപോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് ആണ് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നാലെ അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായതെന്ന് സൂചന. രാജ്യത്തെ ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു. ശേഷിച്ചവ കടലിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പതിച്ചതായും അവശിഷ്ടങ്ങൾ ചില ജനവാസ മേഖലകളിൽ വീണതായും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച യു.എ.ഇ., രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് തിരിച്ചടിക്കും അവകാശമുണ്ടെന്ന് അറിയിച്ചു. അതേസമയം, ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സംയമനം പാലിക്കണമെന്നും യു.എ.ഇ. സ്ഥാനപതി അഭ്യർഥിച്ചു.

നിലവിലെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ച അധികൃതർ, യു.എ.ഇ.യിലെ വ്യോമപാത താത്കാലികമായി അടച്ചതായി അറിയിച്ചു. ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും ആളില്ലാ വിമാനങ്ങൾക്കും ഒരാഴ്ചത്തെ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
أحدث أقدم