കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു


ജമ്മു കശ്മീരിലെ അതിർത്തി നിയന്ത്രണരേഖ വഴി പാകിസ്ഥാൻ ഭീകരർ നടത്താൻ ശ്രമിച്ച നുഴഞ്ഞുകയറ്റം ഇന്ത്യൻ സൈന്യം ധീരമായി പരാജയപ്പെടുത്തി. രജൗരി സെക്ടറിലെ ജാംഗർ-നൗഷേര മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

ഭീകരരുടെ ഭാഗത്ത് നിന്ന് കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരുടെ നീക്കം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സൈന്യം തിരിച്ചടിക്കുകയും നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടയുകയും ചെയ്തു. കൊല്ലപ്പെട്ടത് പാകിസ്ഥാൻ ഭീകരനാണെന്ന് സൈന്യം അറിയിച്ചു.

സൈന്യം വധിച്ച ഭീകരനെ കൂടാതെ ഇയൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനായി ഡ്രോണുകൾ ഉൾപ്പെടെയുള്ള ആകാശനിരീക്ഷണ സംവിധാനങ്ങളും കരസേനയുടെ പ്രത്യേക സംഘവും രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രജൗരി മേഖലയിൽ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. തുടർച്ചയായി ഉണ്ടാകുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടർന്ന് അതിർത്തിയിൽ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.

أحدث أقدم