
കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരള സ്റ്റോറി സിനിമ ആരും കാണുന്നില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും ഈ സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് രാഹുൽ ആരോപിച്ചു. ഇതിനായി വലിയ തോതിൽ പണം ചിലവാക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വിവരിച്ചു.
കേരള സന്ദർശനത്തിനിടെ കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി, കേരള സ്റ്റോറിക്കെതിരായ നിലപാട് വ്യക്തമാക്കിയത്. സംവാദത്തിന് ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടികാഴ്ച നടത്തി. മരിയൻ കോളേജിലെ ബോർഡ് റൂമിൽ വെച്ചാണ് കണ്ടത്. 15 മിനിറ്റോളം ഇരുവരും തമ്മിൽ സംസാരിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഡീൻ കുര്യാക്കോസ് എം പിയും ഒപ്പം ഉണ്ടായിരുന്നു.