പ്രതികളിൽ ഒരാളായ വിനു മുമ്പ് എൻഡിപിഎസ് കേസിൽ പ്രതിയായിരുന്നുവെന്നും, സംഘം മുൻപും അക്രമങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. തേജസിന്റെ അമ്മ സൗമ്യയും സഹോദരി ലച്ചുവുമാണ്.
ആക്രമണത്തെത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ശനി രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിനു മുന്നിൽ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലിൽ അറിയാതെ ചവിട്ടി. ഇതിൽ പ്രകോപിതരായ ആദിത്യനും സുഹത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദ്ദിച്ചു. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യൻ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്സുകൾ ഘടിപ്പിച്ച ഫ്ലോട്ടിൽ എൽഇഡി കളർ ലൈറ്റുകളും ഉണ്ടായിരുന്നതിനാൽ തേജസിനെ കുത്തുന്നതും അവന്റെ നിലവിളിയും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
കുത്തിയ പ്രതികൾ നിമിഷ നേരം കൊണ്ട് സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡിൽ വീണതാകാം എന്ന ധാരണയിൽ ഫ്ലോട്ട് കടന്നു പോയ ശേഷം ചിലർ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി. ഇതു കണ്ടു വന്ന തേജസിന്റെ സുഹൃത്തുക്കൾ എന്തുപറ്റിയെന്ന് അവനോട് ചോദിച്ചു. തന്നെ ആരോ പിന്നിൽ നിന്ന് കുത്തിപരിക്കേൽപ്പിച്ചെന്നും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്തുക്കൾ അതുവഴി വന്ന പല വാഹനങ്ങൾക്ക് കൈകാണിച്ചിട്ടും പലരും വാഹനം നിർത്താൻ തയാറായില്ല. പിന്നീട് അതുവഴി ഐസ് കൊണ്ടു വന്ന പിക് അപ് ഒാട്ടോറിക്ഷയിൽ പാലത്തറ സഹകരണ ആശുപത്രിയിൽ തേജസിനെ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ഒാടെ തേജസ് മരിച്ചു.
ഒളിവിൽ പോയ പ്രതികൾക്കായി ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാൻസാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ള വൻ പൊലീസ് സംഘം പലഭാഗങ്ങളിലേക്ക് തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ പുലർച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖിൽ രാജിന്റെ വീട്ടിൽ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. പ്രതികൾക്ക് അഭയം നൽകിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 2 പേരെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. മറ്റ് 4 പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് വൻ തിരച്ചിൽ നടത്തി. പുലർച്ചെ 4.30ഓടെ വെളിച്ചിക്കാലയിലെ ഒരു വീട്ടിൽ നിന്ന് അഞ്ച് പേരെ പിടികൂടി. പ്രതികൾക്ക് അഭയം നൽകിയ അഖിൽരാജിനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി, മറ്റു പ്രതികളെ റിമാൻഡ് ചെയ്തു.