ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ നാഗ്ല സാധു ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിന്റെ ഫ്ളോര്‍ തകര്‍ന്ന് റോഡിലേക്ക് വീണ് ആറുവയസുകാരി മരിച്ചു. അലിഗഡ് ജില്ലയിലെ മൗണ്ട് ദേവ് ഇന്റർമീഡിയറ്റ് സ്കൂളിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥിനിയായ അനന്യ എന്ന പെൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ജ്യേഷ്ഠൻ ഉൾപ്പെടെ മറ്റ് മൂന്ന് കുട്ടികളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.

ബസിന്റെ പിൻചക്രം കയറിയാണ് മരണം. പൊലീസ് പറയുന്നതനുസരിച്ച്, ബസിലെ ഫ്ളോര്‍ പെട്ടെന്ന് തകരുകയും ഒരു വിടവ് രൂപപ്പെടുകയും ചെയ്തു, ആ വിടവിലൂടെ അനന്യ റോഡിലേക്ക് വീഴുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ബസിന്റെ പിൻചക്രം കുട്ടിയുടെ മേൽ കയറിയിറങ്ങി. വിദ്യാര്‍ഥിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അതേസമയം, അപകടമുണ്ടായിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ലെന്നും പൊലീസ് പറയുന്നു. ബസിലുണ്ടായിരുന്ന കുട്ടികളും റോഡിലൂടെ കടന്നുപോയവരും സംഭവത്തെക്കുറിച്ച് അറിയിച്ചതിനുശേഷം മാത്രമാണ് അദ്ദേഹം ബസ് നിർത്തിയത്. ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോ ഇൻഷുറൻസോ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ടയർ ഭാഗത്തിന് സമീപം ഏകദേശം 2.5 അടി നീളവും 2.5 അടി വീതിയുമുള്ള ബസിന്റെ തറയിലെ ദ്വാരം ഗുരുതരമായ സുരക്ഷാ അപകടമുണ്ടാക്കുന്നുണ്ടെന്നും സ്കൂൾ മാനേജ്മെന്റിനും ബസ് ഡ്രൈവർക്കുമെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്നും അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു