എല്‍പിജി ക്ഷാമം രൂക്ഷമായതോടെ കേരളത്തിലടക്കം വൻ പ്രതിസന്ധി; കൂടുതൽ കമ്പനികൾ വർക്ക് ഫ്രം ഹോമിലേക്ക് മാറുന്നു; ഹോട്ടലുകൾ അടച്ചുപൂട്ടി


എല്‍പിജി ക്ഷാമം രൂക്ഷമായതോടെ കേരളത്തിലടക്കം വൻ പ്രതിസന്ധി. കൂടുതല്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറുകയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ചില കമ്പനികളും വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ പോലെ ഇപ്പോൾ കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാനൊരുങ്ങുകയാണ്.

ഗ്യാസ് ലഭ്യത കുറഞ്ഞതോടെ എച്ച്‌സിഎല്‍ ടെക് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. പലയിടത്തും ഓഫീസ് ക്യാന്റീനുകള്‍ ചായ, സ്‌നാക്‌സ് മെനുവിലേക്ക് മാത്രമായി ഒതുങ്ങി. ഗ്യാസ് സിലിണ്ടറുകള്‍ സ്റ്റോക്കുള്ള ക്യാന്റീനുകള്‍ പോലും കൂടുതല്‍ സമയമെടുക്കുന്ന ഭക്ഷണങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ ഹോട്ടലുകളിലേക്ക് ഗ്യാസ് വിതരണം നിലച്ചിരിക്കുകയാണ്. സ്‌റ്റോക്ക് വന്നാല്‍ തരാമെന്നാണ് കമ്പനികള്‍ പറയുന്നത്. എല്ലാ ജില്ലകളിലും ഹോട്ടലുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഈ അവസ്ഥയില്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സാഹചര്യം അതീവ ഗുരുതരമാണ്.

ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ സ്‌കൂള്‍ ഹോസ്റ്റലുകള്‍ പലതും വലിയ പ്രതിസന്ധി നേരിടുകയാണ്. സിറ്റികളില്‍ നിന്ന് മാറിയുള്ള ഹോസ്റ്റലുകള്‍ പലതും വിറക് അടുപ്പിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം കേരളത്തിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടി വരും. കൊച്ചിയടക്കം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ച് കഴിയുന്നവര്‍ വലിയ പ്രതിസന്ധിയിലേക്ക് പോകാന്‍ ഇതു വഴിയൊരുക്കും.

വര്‍ക്ക് ഫ്രം ഹോം ആവശ്യം ശക്തം
ഗ്യാസ് ക്ഷാമം നേരിടാന്‍ ഐടി, ഫിനാന്‍സ് മേഖലകളിലെ ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്ക് അനുവദിക്കുന്നത് ഗുണകരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ദിവസേനയുള്ള ഓഫീസിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നത് വഴി വ്യക്തിഗത ഇന്ധന ലാഭത്തിനൊപ്പം നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സാധിക്കും. മുന്‍പ് സമാനമായ ഊര്‍ജ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഈ മാതൃക വിജയകരമായി നടപ്പിലാക്കിയിരുന്നു.

ഹോട്ടലുകള്‍ പ്രതിസന്ധിയില്‍
ഗ്യാസ് വിതരണം തീര്‍ത്തും നിലച്ചതോടെ സംസ്ഥാനത്തെ പല ഹോട്ടലുകളും അടച്ചുപൂട്ടുകയാണ്. കൊച്ചി നഗരത്തില്‍ ഇന്ന് മൂന്നിലൊന്ന് ഹോട്ടലുകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. നഗരപ്രദേശങ്ങളിലെ റസ്റ്റോറന്റുകളെയാണ് ഗ്യാസ് ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചത്. നിരവധി ഭക്ഷണശാലകള്‍ മെനുകള്‍ വെട്ടിക്കുറയ്ക്കുകയോ, ചില വിഭവങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. മിക്ക നഗരങ്ങളിലെയും റസ്റ്റോറന്റുകള്‍ ഉച്ചയ്ക്കുള്ള ഊണ് നിര്‍ത്തലാക്കി.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കെന്നപോലെ ഹോട്ടലുകള്‍ക്കും പാചകവാതകം അവശ്യവസ്തുവായി പരിഗണിച്ച് വിതരണം ചെയ്യുവാനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.

Previous Post Next Post