ഒല്ലൂര്‍ പിടിക്കുന്നവര്‍ കേരളം ഭരിക്കുമെന്നാണ്! നിലനിർത്തുമെന്ന് കെ. രാജൻ


നിലവിലെ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം മത്സരിക്കുന്ന മണ്ഡലമാണ് ഒല്ലൂർ. സിപിഐ നേതാവും നിലവിലെ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന്‍ തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി ഒല്ലൂരില്‍ നിന്ന് ജനവിധി തേടുന്നു. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 35 വർഷത്തെ ചരിത്രത്തിൽ ആദ്യമായി തുടര്‍ച്ചയായി എംഎൽഎയായ ആളെന്ന റെക്കോര്‍ഡ് കെ. രാജനുണ്ട്. മണ്ഡലം രൂപീകൃതമായത് മുതൽ ഇടതും വലതും മാറി മാറി ഭരിച്ചിരുന്ന ഒല്ലൂരില്‍ ശക്തമായ അടിത്തറ ‌ഉണ്ടാക്കാൻ സിപിഐക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സാധിച്ചിട്ടുണ്ട്. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന കെ. രാജന്‍ ഉറച്ച ആത്മവിശ്വസത്തോടെയാണെങ്കിലും, മണ്ഡലം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്

ഇടതിന് വേരോട്ടമുള്ള ഒല്ലൂര്‍ നിയോജക മണ്ഡലം ഇക്കുറി തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. മണ്ഡലത്തിന് പരിചിത മുഖമായ സ്ഥാനാർത്ഥി കൂടിയാകുമ്പോൾ ഇത്തവണ ലീഡ് കൂട്ടാൻ കഴിയുമെന്നാണ് കോൺ​ഗ്രസ് പ്രതീക്ഷ. ഒല്ലൂരിലെ എംഎൽഎയുടെ പിആർ വർക്ക് ജനങ്ങൾ തിരിച്ചറിയുമെന്നും വികസന മുരടിപ്പാണ് മണ്ഡലത്തിലുള്ളതെന്നും യുഡിഎഫ് സ്ഥാനാർ‍ത്ഥി അഡ്വ. ഷാജി കോടന്‍ക്കണ്ടത്ത് പറയുന്നു. ‘ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത എംഎൽഎയാണ് ഇവിടെയുള്ളത്, ഉമ്മൻ ചാണ്ടി നടപ്പിലാക്കുമെന്ന് പറഞ്ഞ പുത്തൂർ സുവോളജിക്കൽ പാർക്ക് ഇതുവരെ പൂർത്തീകരിക്കാൻ എല്‍ഡിഎഫിന് സാധിച്ചിട്ടില്ലെന്നും’ ഷാജി കോടന്‍ക്കണ്ടത്ത് കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തൃശ്ശൂർ ജില്ലയിൽ തന്നെ മികച്ച വി‍‍ജയമാണ് കിട്ടിയത്, അത് നിയമസഭയിലും ആവർത്തിക്കുമെന്നും അഡ്വ. ഷാജി കോടന്‍ക്കണ്ടത്ത് വ്യക്തമാക്കി

أحدث أقدم