ഒരു രാഹുല്‍ മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ട്’; പ്രശോഭിനെതിരെയുള്ള പീഡന പരാതിയില്‍ ശോഭ സുരേന്ദ്രന്‍


        

പാലക്കാട് മണ്ഡലത്തില്‍ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍.

കുറ്റക്കാര്‍ക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍ കുറ്റക്കാരന്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്പിയെ നേരിട്ട് കാണുമെന്നും അറസ്റ്റ് വൈകിയാല്‍ പൊലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് നാണമുണ്ടോ എന്നും ശോഭ ചോദിച്ചു.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

أحدث أقدم