ഗുരുവായൂരിൽ ഹിന്ദു എംഎൽഎ’; വിവാദ പരാമർശം നടത്തിയ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്


ഗുരുവായൂരിൽ ‘ഹിന്ദു എംഎൽഎ’ വേണമെന്ന ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ കേസെടുത്ത് പോലീസ്. ഗുരുവായൂർ പോലീസാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരമാണ് തൃശൂർ ജില്ലാകലക്ടർ നടപടിയെടുത്തത്.

1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം, വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന , മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ബി ഗോപാലകൃഷ്ണന്റെ പരാമർശം

ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്‍റെ പരാമർശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചത്.

Previous Post Next Post