സഭയ്ക്കെതിരെ പ്രവർത്തിക്കുന്നവരെ ഒളിഞ്ഞും തെളിഞ്ഞും ചിലർ സഹായിക്കുന്നുണ്ട്; അണിയറ നീക്കങ്ങൾ അറിയാമെന്ന് കാതോലിക്കാ ബാവ


മലങ്കര സഭയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ സഭയ്ക്ക് കൃത്യമായി അറിയാമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വ്യക്തമാക്കി. ബുധനൂർ പള്ളിയിൽ നടന്ന മലങ്കര സഭാ ദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയ്‌ക്കെതിരെ പരസ്യമായും രഹസ്യമായും നിലകൊള്ളുന്നവർ ആരാണെന്ന് ബോധ്യമുണ്ടെന്നും ഏത് പ്രതികൂല സാഹചര്യത്തെയും സഭ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെല്ലാം തരത്തിലുള്ള പ്രതികൂലമായ കാര്യങ്ങൾ ഉണ്ടായാലും സഭയുടെ സ്വാതന്ത്ര്യത്തിൽ നിന്ന് മാറിനിന്നുകൊണ്ട് എന്തെങ്കിലും പ്രവർത്തിക്കുവാൻ മലങ്കര സഭയിലെ വൈദികരായിട്ടോ മേൽപ്പട്ടക്കാരായിട്ടോ ഒരു കുഞ്ഞുപോലും തയ്യാറാവില്ലെന്ന് ലോകം അറിഞ്ഞിരിക്കണം. മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും വിപരീതമായി പ്രവർത്തിക്കുന്ന ആളുകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവരെ മലങ്കര സഭയ്ക്ക് അറിയാം. പക്ഷേ മലങ്കര സഭയ്ക്ക് ആരോടും പരാതിയില്ല.

1934-ലെ ഭരണഘടനയാൽ ഭരിക്കപ്പെടേണ്ട ഒരൊറ്റ പള്ളി പോലും വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് മരണം വരെയും ഞങ്ങൾ പോരാടുമെന്നതിൽ യാതൊരു സംശയവുമില്ല. സത്യത്തിനും നീതിക്കും വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്. വിശുദ്ധ വേദപുസ്തകത്തിൽ പറയുന്ന സഭയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. മറ്റേതെങ്കിലും തരത്തിലുള്ള വൈദേശിക മേലധ്യക്ഷതയുടെ കീഴിൽ പോകാൻ മലങ്കര സഭ ഒരിക്കലും തയ്യാറായിട്ടില്ല. മരിക്കുന്നതുവരെ തയ്യാറാകുകയുമില്ല.- അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post Next Post