യുഎഇയിൽ വീണ്ടും മിസൈൽ ആക്രമണം…. അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം….


ടെഹ്‌റാൻ: യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ആദ്യത്തെ പ്രധാന നടപടിയുടെ ഭാഗമായി, ഇറാനിലെ മിസൈൽ കേന്ദ്രങ്ങളിൽ തങ്ങളുടെ ആയുധശേഖരത്തിലെ ഏറ്റവും ശക്തമായ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുഎസ് സൈന്യം. കടലിടുക്കിനു സമീപമുള്ള ഇറാന്റെ തീരപ്രദേശത്തെ സുരക്ഷിതമായ മിസൈൽ താവളങ്ങളിൽ 5,000 പൗണ്ട് (ഏകദേശം 2,268 കിലോഗ്രാം) ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകൾ ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

‘‘ഹോർമുസ് കടലിടുക്കിനു സമീപമുള്ള ഇറാൻ തീരത്തെ മിസൈൽ കേന്ദ്രങ്ങളിൽ 5,000 പൗണ്ട് ഭാരമുള്ള ഡീപ് പെനട്രേറ്റർ ബോംബുകൾ യുഎസ് സേന വിജയകരമായി പ്രയോഗിച്ചു. ഈ കേന്ദ്രങ്ങളിലെ ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകൾ കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതത്തിനു ഭീഷണിയായിരുന്നു’’– സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു. 

അതിനിടെ, ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ‘ഇറാന്റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനുമായി ജീവിതം മുഴുവൻ ശ്രമിച്ച ശേഷം, അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റി, സത്യത്തിന്റെ വിളിക്ക് ഉത്തരം നൽകി. അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’– സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് ഇറാൻ അർധ ഔദ്യോഗിക മാധ്യമമായ മെഹ്ർ ഏജൻസി റിപ്പോർട്ട് ചെയ്തു.

അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും (62) കഴിഞ്ഞ ദിവസം രാത്രിയിലെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. സുലൈമാനി കൊല്ലപ്പെട്ടത് ഇറാൻ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.  ഇറാനിലെ ബുഷെഹർ ആണവ നിലയത്തിനു സമീപം മിസൈൽ പതിച്ചു. എന്നാൽ ആർക്കും ജീവഹാനിയോ ആണവ നിലയത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ പബ്ലിക് ഡിപ്ലോമസി ആൻഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ സെന്റർ അപലപിക്കുകയും ചെയ്തു. ഇറാന്റെ ആദ്യ ആണവ നിലയമായ ബുഷെഹർ 2011ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേൽ ബോംബിങ് തുടരുകയാണ്. യുഎസുമായി വെടിനിർത്തലിനു മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവച്ച ശുപാർശകൾ ഇറാൻ തള്ളി. യുഎസിനെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കാതെ സമാധാനത്തിനു സമയമാവില്ലെന്നു പുതിയ പരമോന്നത നേതാവ് മുജ്‌തബ ഖമനയി പറഞ്ഞെന്നാണു വിവരം. സംഘർഷം പരിഹാരിക്കാനുള്ള സാധ്യത മങ്ങുമ്പോൾ, മൂന്നാഴ്ചയിലെത്തിയ യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 1444 പേർ കൊല്ലപ്പെട്ടു. 15 യുഎസ് സൈനികരും കൊല്ലപ്പെട്ടു.

أحدث أقدم