മര്യാദ പാലിച്ചില്ലെങ്കിൽ മറുപടി ഇങ്ങനെയിരിക്കും… ‘വീട്ടിൽ പോയി ചോദിക്കണം’…. പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി




പത്തനംതിട്ട: വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ലല്ലോ പൊതുയോഗമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടിയാണ് താന്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുയോഗത്തില്‍ പറയുന്നത് ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സാധാരണ നമ്മള്‍ ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണവും അതിനനുസരിച്ച് വരും. അവിടെ ആരെങ്കിലും എല്‍ഡിഎഫിനെയോ എന്നെയോ എതിര്‍ക്കാന്‍ വന്നവരല്ല. ചില ഘട്ടങ്ങളില്‍ ആവേശം കൊള്ളുന്നവരുണ്ടല്ലോ. ആ ആവേശത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണ്. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും. അത് സ്വാഭാവികമല്ലേ. പൊതുയോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ ആരോ സംസാരിക്കട്ടേ, അത് ഇഷ്ടമില്ലെങ്കില്‍ കേള്‍ക്കണ്ട, യോഗത്തില്‍ നിന്ന് പോകണം. ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതി’, മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെ. സി വേണുഗോപാലിന്റെ പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് കാണുന്നുണ്ടല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം കോന്നിയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ സദസില്‍ നിന്ന് ഒരു ചോദ്യമുണ്ട് എന്ന ശബ്ദം ഉയരുകയായിരുന്നു. ഇയാളോട് വീട്ടില്‍ പോയി ചോദിക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവം വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
Previous Post Next Post