
ഹൈദരാബാദിൽ സംഗറെഡ്ഡിയിലെ രാജംപേട്ടിൽ യുവതി ആത്മഹത്യ ചെയ്തു. ഇതുകണ്ട് നിന്ന ഭർത്താവ് തടയാൻ ശ്രമിക്കുന്നതിനുപകരം മൊബൈൽ ഫോണിൽ പ്രവൃത്തി പകർത്തിയെന്ന് പരാതി. ജീവനുവേണ്ടി പിടയുന്ന ഭാര്യയെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണ് മരണ വെപ്രാളം ഭർത്താവ് ചിത്രീകരിച്ചത് എന്നാണ് പരാതി. തെലങ്കാനയിലെ ബോയിനപള്ളി സ്വദേശിയായ കൃഷ്ണവേണിയാണ് മരണപ്പെട്ടത്. ഏറെ നാളായി യുവതി കടുത്ത വിഷാദത്തിലായിരുന്നു. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആത്മഹത്യ.
കൃഷ്ണവേണിയും റെയിൽവെയിൽ ലോക്കോപൈലറ്റായ ശ്രീനിവാസലുവിനും ഇടയിൽ വഴക്കുകൾ പതിവായിരുന്നു. ഇരുവർക്കുമിടയിലുണ്ടായ വഴക്കിനിടെ താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് കൃഷ്ണവേണി തൂങ്ങി മരിക്കാൻ ശ്രമിച്ചു. എന്നാൽ തടയുന്നതിന് പകരം എങ്ങനെയാണ് ആത്മഹത്യ ചെയ്യേണ്ടതെന്ന് ശ്രീനിവാസലു പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. മാത്രമല്ല, ആത്മഹത്യാ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഭർത്താവ് തന്നെയാണ് ഇക്കര്യങ്ങൾ പൊലീസിനോട് പറഞ്ഞത്.
വഴക്കിനിടെ ഭർത്താവിനെ ഭയപ്പെടുത്താനായി കൃഷ്ണവേണി സാരി കഴുത്തിൽ ചുറ്റുകയായിരുന്നു. എന്നാൽ സാരി കഴുത്തിൽ കുടുങ്ങിയതോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ശ്രീനിവാസലുവിൻറെ രണ്ടാം ഭാര്യയാണ് കൃഷ്ണവേണി. ആത്മഹത്യക്ക് കാരണം ശ്രീനിവാസലുവാണെന്ന് കുടുംബം ആരോപിച്ചു. കൃഷ്ണവേണിയുടെ മരണത്തിൽ രോഷാകുലരായ കുടുംബം ഇയാളെ കയ്യേറ്റം ചെയ്തു.
സംഭവത്തിൽ പോലീസ് കേസെടുത്തു. സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്താൻ രാജംപേട്ട് റൂറൽ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.