
തൃശൂര്‍: വെളളറക്കാട് കിടപ്പുരോഗിയായ വയോധികയെ നായ കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണകാരണം കഴുത്തിനേറ്റ ആഴത്തിലുളള മുറിവാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍. കഴുത്തിലും മുഖത്തും മൂക്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കയ്യിലുമാണ് വയോധികയ്ക്ക് കടിയേറ്റത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. കിടപ്പുരോഗിയായ കാര്‍ത്യായനി(84)യെ നായ ആക്രമിക്കുകയായിരുന്നു. കാര്‍ത്ത്യായനിയുടെ മാനസിക വെല്ലുവിളി നേരിടുന്ന മകനെയും നായ ആക്രമിച്ചിരുന്നു.
കാർത്യായനിയെ കടിച്ചുകൊന്ന നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകരാണ് നായയെ പിടികൂടിയത്. രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്നാണ് കാര്‍ത്ത്യായനി കിടപ്പിലായത്. മാനസിക വെല്ലുവിളി നേരിടുന്ന മകനും മരുന്ന് കഴിക്കുന്നതിനാല്‍ ക്ഷീണിച്ച് കിടക്കുകയായിരുന്നു.
വൈകുന്നേരം 6.30ഓടെ കാര്‍ത്ത്യായനിയുടെ മറ്റൊരു മകന്‍ മണി ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പൊലീസും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ നായ വേറെ ആളുകളേയും വളര്‍ത്ത് നായക്കളേയും കടിച്ചിട്ടുണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം.