ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്. 84 വയസുകാരിയായ കാർത്യായനിയാണ് തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച് പരിക്കേൽപ്പിച്ചു. ഇരുവർക്കും ഭക്ഷണവുമായി കാർത്യായനിയുടെ ഇളയ മകൻ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ കാർത്യായനിയുടെ മൃതദേഹം കണ്ടത്.
കാർത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരെ കടിച്ചതിനുശേഷം ഇതേ നായ സമീപത്തുള്ള വീട്ടിൽ ജോലിക്ക് എത്തിയവരെയും ആക്രമിച്ചു. നാട്ടുകാരും പൊലീസും ചേർന്ന് രാത്രി വൈകിയും നായക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള കാർത്യായനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.