
ഇറാന്‍ യുദ്ധം മൂലം പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അശാന്തി ഇന്ത്യയിലെ മദ്യവിപണിയെയും പ്രതികൂലമായി ബാധിക്കുന്നു. ഗ്യാസ് ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം ബിയര്‍ വിലയില്‍ വന്‍ വര്‍ദ്ധനവിനും വിതരണ തടസ്സത്തിനും സാധ്യതയുണ്ടെന്നാണ് പ്രമുഖ ബിയര്‍ കമ്പനികള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യയിലെ പ്രമുഖ ബിയര്‍ നിര്‍മ്മാതാക്കളായ ഹൈനകന്‍, എബി ഇന്‍ബെവ് , കാള്‍സ്‌ബെര്‍ഗ് എന്നിവര്‍ ഉള്‍പ്പെടുന്ന ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ആശങ്കയറിയിച്ചിരിക്കുന്നത്. കുപ്പികള്‍ക്കും പാക്കേജിംഗ് മെറ്റീരിയലുകള്‍ക്കും വന്‍തോതില്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ ബിയര്‍ വിലയില്‍ 12 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവ് വേണമെന്നാണ് കമ്പനികളുടെ ആവശ്യം.