കേരളത്തിൽ വോട്ടെടുപ്പിന് സാങ്കേതികമായി തുടക്കമിട്ടു; ‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘങ്ങൾ വീടുകളിലെത്തി തുടങ്ങി


സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് നടപടികൾക്ക് കേരളത്തിൽ തുടക്കമായി. ഏപ്രിൽ 9-നാണ് പൊതുവോട്ടെടുപ്പെങ്കിലും, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഇന്നു മുതൽ (മാർച്ച് 30) ലഭ്യമായിത്തുടങ്ങി. ഏപ്രിൽ 3 വരെയാണ് ഈ പ്രത്യേക വോട്ടെടുപ്പ് നടക്കുന്നത്. ഉദ്യോഗസ്ഥ സംഘം വീടുകളിലേക്ക് എത്തും.

കോട്ടയം ജില്ലയിൽ 9 നിയമസഭാ മണ്ഡലങ്ങളിലായി 16,562 പേരാണ് വീട്ടിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയത്. മൈക്രോ ഒബ്സർവർ, പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, വിഡിയോഗ്രഫർ, പൊലീസ് ഓഫിസർ എന്നിങ്ങനെ 5 പേരടങ്ങുന്ന 200 പ്രത്യേക പോളിങ് സംഘങ്ങളെ വീട്ടിൽ വോട്ടിന് നിയോഗിച്ചു. വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയവർ ഈ തീയതികളിൽ വീടുകളിൽ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

വോട്ടെടുപ്പ് രീതിയിങ്ങനെ

റിട്ടേണിങ് ഓഫിസർമാർ പോളിങ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും.
∙ ഇവർ ബിഎൽഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തും.
∙ രഹസ്യസ്വഭാവം നിലനിർത്തി വോട്ടു രേഖപ്പെടുത്തുന്നതിന് വീട്ടിൽ സംവിധാനമൊരുക്കും.
∙ വോട്ടു രേഖപ്പെടുത്തിയ ശേഷം പോളിങ് സംഘത്തിന്റെ പക്കലുള്ള പെട്ടിയിൽ ബാലറ്റ് നിക്ഷേപിക്കും.
∙ ബാലറ്റ് അന്നുതന്നെ റിട്ടേണിങ് ഓഫിസർമാർക്ക് കൈമാറി സ്ട്രോങ് റൂമിലേക്കു മാറ്റും.‌

Previous Post Next Post