നയാരയ്ക്ക് പിന്നാലെ ഷെല്ലും….. പമ്പുകളിൽ ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി… പെട്രോളിനും വൻ വർദ്ധനവ്


        

രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനികളായ ഷെല്ലും നയാരയും പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ് വരുത്തി. ബെംഗളൂരുവിലെ ഷെൽ ഔട്ട്‌ലെറ്റുകളിൽ ഡീസലിന് ഒറ്റയടിക്ക് 25 രൂപയിലധികമാണ് വർദ്ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഷെൽ ഇന്ധനവില കൂട്ടുന്നത്.

ഷെൽ ഔട്ട്‌ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയും ഡീസലിന് 25.01 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ സാധാരണ പെട്രോളിന് 119.85 രൂപയും പവർ പെട്രോളിന് 129.85 രൂപയുമായി. സാധാരണ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയുമാണ് പുതിയ നിരക്ക്. മാർച്ച് 27-ന് നയാര എനർജി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെല്ലും നിരക്ക് ഉയർത്തിയത്.

രണ്ടാഴ്ച മുൻപ് ഷെൽ പെട്രോൾ വില 108.50 രൂപയായും ഡീസൽ 93.50 രൂപയായും ഉയർത്തിയിരുന്നു. എന്നാൽ പുതിയ വർദ്ധനവോടെ സ്വകാര്യ പമ്പുകളെ ആശ്രയിക്കുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തുടനീളം ഷെല്ലിന് 350-ഓളം ഔട്ട്‌ലെറ്റുകളാണുള്ളത്. വില വർദ്ധിപ്പിച്ചത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക വിശദീകരണങ്ങൾ നൽകിയിട്ടില്ലെങ്കിലും പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
أحدث أقدم