ക്ഷേമ പെൻഷൻ 3000രൂപ.... സ്ത്രീകൾക്ക്സൗജന്യ ബസ് യാത്ര....യുഡിഎഫ്പ്രകടനപത്രികപുറത്തിറക്കി




നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ നിർണ്ണായക പ്രകടനപത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കുന്നത് മുതൽ വമ്പൻ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ വരെ ഉൾക്കൊള്ളുന്ന വാഗ്ദാന പെരുമഴയാണ് പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ‘ഇന്ദിര ഗ്യാരന്റി’ക്ക് പുറമെ സാധാരണക്കാരായ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള നിരവധി ജനക്ഷേമ പദ്ധതികൾ പത്രികയിലുണ്ട്.

നിലവിലെ സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നതാണ് പ്രധാന വാഗ്ദാനം. പെൻഷൻ വെറും സഹായമല്ല, മറിച്ച് പൗരന്റെ അവകാശമാക്കുമെന്നും ശമ്പള കമ്മീഷൻ മാതൃകയിൽ ഇതിനായി പ്രത്യേക സംവിധാനം രൂപീകരിക്കുമെന്നും യുഡിഎഫ് പറയുന്നു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കും. കോളേജ് വിദ്യാർത്ഥികൾക്ക് പഠന സഹായമായി പ്രതിമാസം 1000 രൂപ നൽകുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പും രൂപീകരിക്കും. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ള യുവജനങ്ങൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും.

ദരിദ്രരായവരെ കണ്ടെത്താൻ ‘ആശ്രയ’ പദ്ധതി പരിഷ്കരിച്ച് ‘നവ ആശ്രയ’ ആരംഭിക്കും. പിങ്ക്, അന്ത്യോദയ റേഷൻ കാർഡ് ഉടമകൾക്കായി പ്രത്യേക പദ്ധതികൾക്ക് പുറമെ സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകളും സൗജന്യ റേഷനും ഉറപ്പാക്കും.




أحدث أقدم