
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏകദേശമായി79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു.
അതേസമയം, പ്രിസൈഡിങ് ഓഫീസർമാർ രേഖപ്പെടുത്തിയ കണക്ക് 78.27 ശതമാനമാണ്. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.ഈ വോട്ടുകളുടെ അന്തിമ കണക്ക് വോട്ടെണ്ണൽ ദിവസത്തിൽ മാത്രമേ ലഭ്യമാകൂ എന്നും, രാഷ്ട്രീയ പാർട്ടികൾക്ക് ഇതിനകം തന്നെ അന്തിമ കണക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കണക്കുകൾ വൈകുന്നുവെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിക്ക് പിന്നാലെയാണ് വിശദീകരണവുമായി രത്തൻ ഖേൽക്കർ മാധ്യമങ്ങളെ കണ്ടത്.
നടപടിക്രമങ്ങളിൽ അസാധാരണമായ കാലതാമസം ഉണ്ടായിട്ടില്ലെന്നും സാധാരണ സമയപരിധിക്കുള്ളിലാണ് കണക്കുകൾ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. കണക്കുകൾ വൈകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചിരുന്നു. എന്നാൽ ആശയക്കുഴപ്പങ്ങൾക്ക് ഇടയില്ലെന്നും, ആവശ്യമായ വിവരങ്ങൾ എല്ലാം സമയബന്ധിതമായി നൽകിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.ഫോം 17C എല്ലാ ബൂത്തുകളിലും നൽകിയിട്ടുണ്ടെന്നും, അത് ലഭ്യമല്ലെന്ന പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 96.3 ആയി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 60,734 ഭിന്നശേഷിക്കാർ വോട്ട് ചെയ്തു. ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ 96.7 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കൂടാതെ 32,172 അവശ്യവിഭാഗക്കാരും വോട്ട് ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥരും വോട്ട് രേഖപ്പെടുത്തിയതായി രത്തൻ ഖേൽക്കർ വ്യക്തമാക്കി. അർഹരായ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഉറപ്പാക്കിയെന്നും, പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ നിയമപരമായി സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു