
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിൽ ലോട്ടറി വിൽപനക്കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശി വിജിൻ (33), വള്ളക്കടവ് സ്വദേശി അഖിൽ (26) എന്നിവരെയാണ് തമ്പാനൂർ പോലീസ് പിടികൂടിയത്.
മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുമതി നൽകാത്തതിലുള്ള നിസ്സാര വിരോധമാണ് ക്രൂരമായ വധശ്രമത്തിൽ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോട്ടറി കടയിലെത്തിയ പ്രതികൾ ഫോൺ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടയുടമയായ നേമം സ്വദേശി ഇതിന് സമ്മതിച്ചില്ല. ഈ വിരോധം മനസ്സിൽ വെച്ച പ്രതികൾ തൊട്ടടുത്ത ദിവസം വീണ്ടും കടയിലെത്തുകയും കടയുടമയെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് വടികൊണ്ടും ഓലമടൽ കൊണ്ടും യുവാവിനെ ഇവർ ക്രൂരമായി മർദ്ദിച്ചു. മാരകമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെയാണ് തമ്പാനൂർ പോലീസ് വലയിലാക്കിയത്. അറസ്റ്റിലായ വിജിനെയും അഖിലിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന ഈ ആക്രമണം വ്യാപാരികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.