നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടവകാശം നഷ്ടപ്പെട്ട കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കൃത്യസമയത്ത് ഫോം 12 സമർപ്പിച്ചിട്ടും പോസ്റ്റൽ ബാലറ്റ് അനുവദിക്കാത്തതിനെത്തുടർന്ന് വോട്ട് ചെയ്യാൻ കഴിയാത്തതാണ് ഉദ്യോഗസ്ഥരെ കോടതിയിലെത്തിച്ചത്. വോട്ടെണ്ണൽ നടക്കുന്ന മെയ് നാലിന് മുൻപ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സൗകര്യം കമ്മീഷൻ ഒരുക്കണം.

തിരഞ്ഞെടുപ്പിന് ശേഷം വോട്ട് ചെയ്യാൻ അവസരം നൽകുമെന്ന് ഈ മാസം എട്ടാം തീയതി കമ്മീഷൻ കോടതിയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ വിജ്ഞാപനം വരാത്തത് ഗുരുതര വീഴ്ചയാണെന്ന് ഹർജിയിൽ പറയുന്നു ഉദ്യോഗസ്ഥരുടെ ഭരണഘടനാപരമായ വോട്ടവകാശം സംരക്ഷിക്കാൻ കോടതി അടിയന്തരമായി ഇടപെടണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭാവിയിൽ ഇത്തരം അനാസ്ഥകൾ ആവർത്തിക്കാതിരിക്കാൻ ശാശ്വത സംവിധാനം വേണമെന്നും ആവശ്യമുണ്ട്. ജസ്റ്റിസ് ഹരീഷങ്കർ വി. മേനോൻ അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും. ഹർജിക്കാർക്ക് വേണ്ടി അഡ്വ. മഅറൂഫ് സി.എച്ച് ഹാജരാകും