
കോഴിക്കോട്: തിരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ കോഴിക്കോട്ട് അപ്രതീക്ഷിത തിരിച്ചടി. ഡിസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ പ്രമുഖ യുവശബ്ദവുമായ നിജേഷ് അരവിന്ദ് രാജി വെച്ചു. പ്രചാരണ രംഗത്ത് പാർട്ടി അർഹമായ പരിഗണന നൽകിയില്ലെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചാണ് രാജി. കെപിസിസിക്ക് രാജിക്കത്ത് കൈമാറി.
എലത്തൂർ സീറ്റിലേക്ക് നിജേഷിൻ്റെ പേര് സജീവമായി പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ ഒഴിവാക്കപ്പെട്ടിരുന്നു. വിദ്യ ബാലകൃഷ്ണനാണ് ഇവിടെ സ്ഥാനാർത്ഥിയായത്. ബാലുശ്ശേരി മണ്ഡലത്തിൽ പ്രചാരണത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നിട്ടും പാർട്ടിയുടെ ഭാഗത്തുനിന്ന് യാതൊരു ഉത്തരവാദിത്തങ്ങളും നൽകിയിട്ടില്ലെന്ന് നിജേഷ് ആരോപിക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിജേഷ് നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ പാർട്ടി തള്ളിയിരുന്നു. എന്നാൽ അദ്ദേഹം പിന്തുണച്ച സ്വതന്ത്രൻ വിജയിക്കുകയും പിന്നീട് അതേ വ്യക്തിയെ പഞ്ചായത്ത് പ്രസിഡൻ്റാക്കേണ്ടി വരികയും ചെയ്തത് അന്ന് വലിയ ചർച്ചയായിരുന്നു.
പദവികൾ രാജിവെച്ചെങ്കിലും താൻ പ്രവർത്തകനായി തുടരുമെന്ന് നിജേഷ് വ്യക്തമാക്കി. നിലവിൽ മറ്റ് പാർട്ടികളിലേക്ക് പോകാൻ തീരുമാനമില്ലെന്ന് അദ്ദേഹം അറിയിച്ചു. വക്താവെന്ന നിലയിൽ ചാനൽ ചർച്ചകളിൽ സജീവമായിരുന്ന നിജേഷിൻ്റെ രാജി കോഴിക്കോട് ഡിസിസിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. 'അവസാന ഘട്ടം വരെ സജീവമായി നിന്നിട്ടും ഒരു ഉത്തരവാദിത്തവും ആ പാർട്ടി തയ്യാറായില്ല. ഈ നിലയിൽ മുന്നോട്ട് പോകാൻ കഴിയില്ല.' നിജേഷ് അരവിന്ദ് പറഞ്ഞു.