പോളിങ് ശതമാനം ഉയർന്നത് ആരെ തുണയ്ക്കും; പഴയ കണക്കുകൾ പറയുന്നത് ഇങ്ങനെ



പോളിങ് ശതമാനത്തിലെ ഉയർച്ച താഴ്ച്ചകൾ ചൂണ്ടിക്കാട്ടി ഫലപ്രവചനം നടത്തുന്ന രീതി എല്ലാകാലത്തും സംസ്ഥാനത്ത് ഉയർന്നുവരാറുണ്ട്. പോളിങ് കൂടിയാൽ യുഡിഎഫിന്, കുറഞ്ഞാൽ എൽഡിഎഫിന് എന്നതാണ് പൊതുവായി പ്രചരിക്കപ്പെടാറുള്ള ഒരു നിരീക്ഷണം. എന്നാൽ അതിൽ കഴമ്പില്ലെന്ന കണക്കുകളാണ് സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കണ്ടെത്താനാകുക.
കേരളത്തിന്റെ തനതായ രാഷ്ട്രീയ സംസ്‌കാരത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന രീതി 2021-ൽ തിരുത്തപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പിനെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നത്. 140 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ഈ പോരാട്ടത്തിൽ, ഭരണത്തുടർച്ചയുടെ മൂന്നാം അങ്കത്തിനായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി പടയൊരുക്കിയപ്പോൾ അധികാരം തിരിച്ചുപിടിക്കാൻ ഉറച്ച് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി കളം നിറഞ്ഞിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ദേശീയ നേതാക്കളെ അടക്കം പ്രചരണത്തിൽ സജീവമാക്കി എൻഡിഎയും കളം പിടിച്ചിരുന്നു.Politics

ഉയർന്ന പോളിങ് സാധാരണയായി യുഡിഎഫിന് അനുകൂലമാണെന്ന ഒരു വിശ്വാസം കേരളത്തിലുണ്ടെങ്കിലും, ചരിത്രം പരിശോധിച്ചാൽ അത് എപ്പോഴും ശരിയായിട്ടില്ലെന്ന് കാണാം. ഉദാഹരണത്തിന്, റെക്കോർഡ് പോളിങ് നടന്ന 1987-ലും, പോളിങ് കുറഞ്ഞ 1996-ലും ഇടതുമുന്നണിയാണ് അധികാരത്തിൽ വന്നത്.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പോളിങ് ശതമാനത്തിലെ ഈ വർദ്ധനവ് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. താഴെത്തട്ടിൽ ശക്തമായ ഒരു ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് അവർ കണക്കുകൂട്ടുന്നത്. എന്നാൽ, എൽഡിഎഫ് ഈ വാദങ്ങളെ തള്ളിക്കളയുകയാണ്. തങ്ങളുടെ കേഡർ വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ തവണത്തെ അതേ വോട്ടിങ് പാറ്റേൺ ആണ് ഇത്തവണയും തുടരുന്നതെന്നുമാണ് അവരുടെ അവകാശവാദം. അതേസമയം, ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. തിരുവനന്തപുരത്ത് നേമത്തും കഴക്കൂട്ടത്തും വിജയിക്കാനാകുമെന്നും കൊല്ലത്തെ ചാത്തന്നൂരും കരുനാഗപ്പള്ളിയും തങ്ങൾക്ക് അനുകൂലമാകുമെന്നും ബിജെപി കേന്ദ്രങ്ങൾ വിശ്വസിക്കുന്നു. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് തങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്നും അവർ അവകാശപ്പെടുന്നു.


കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ നടന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പോളിങ് 70 ശതമാനത്തിനു മേലെയാണ്. 1982 മുതൽ 2021 വരെ നാലുതവണ യുഡിഎഫും അഞ്ചുതവണ എൽഡിഎഫും അധികാരംനേടി. ഇക്കാലയളവിൽ ഏറ്റവുംകൂടിയ പോളിങ് 1987-ലാണ്. അന്ന് സമ്മതിദാനം വിനിയോഗിച്ചത് 80.54 ശതമാനം പേരാണ്. നാലു പതിറ്റാണ്ടിലെ റെക്കോഡ് പോളിങ്ങും ഇതാണ്. 1996-ലാണ് ഏറ്റവും കുറവ്, 71.16 ശതമാനം. ’87-ലും ’96-ലും ഇടതു മുന്നണിയാണ് അധികാരം നേടിയത്. 2011-ലും 2016-ലും പോളിങ് 75 ശതമാനം പിന്നിട്ടു. യഥാക്രമം 75.12 ശതമാനം, 77.35 ശതമാനം എന്നിങ്ങനെയായിരുന്നു ആ രണ്ടുതവണത്തെ കണക്ക്. 2011-ൽ യു.ഡി.എഫും 2016-ൽ എൽ.ഡി.എഫും അധികാരം നേടി.


        

أحدث أقدم