നിര്‍ണായക തെളിവ് പുറത്ത്: ശോഭയുടെ വാദം പൊളിയുന്നു; പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോണ്‍ഗ്രസ്





പാലക്കാട്: ബി ജെ പി പ്രവർത്തക വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ പുതിയ തെളിവുകള്‍ പുറത്ത്. വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നടക്കമുള്ള എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ വാദങ്ങള്‍ പൊളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പൈസ നല്‍കിയ സ്ത്രീ ശോഭക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്.പാലക്കാട് ബി ജെ പി ജില്ല കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം ഈ സ്ത്രീ നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസില്‍ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതേ യുവതി ശോഭയുടെ കാറില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തു വിട്ടു.

നേരത്തെ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തില്‍ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. പണം കൈമാറിയെന്ന് ആരോപണം നേരിടുന്ന യുവതിയെ തനിക്ക് അറിയില്ലെന്ന വാദമാണ് ശോഭ ഉയർത്തിയത്. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ തെളിവുകള്‍ ശോഭയുടെ വാദങ്ങള്‍ പൊളിക്കുകയാണ്.


أحدث أقدم