യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോട്ടയത്തു നിന്ന് മൂന്നു മന്ത്രിമാർ ഉറപ്പ്; ചർച്ചകൾ സജീവം ചർച്ചകളിൽ ഉയർന്നു വന്ന പേരുകൾ ഇങ്ങനെ


കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോട്ടയത്തുകാർക്ക് 3 മന്ത്രിമാരെ കിട്ടും.

കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കിയതായി വിലയിരുത്തുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ , മോൻസ് ജോസഫ് എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ഉയർന്നു.
ഏറ്റുമാനൂരിൽ അട്ടിമറി ജയം നേടിയാൽ ഡി.സി.സി പ്രസിഡന്റ്നാട്ടകം സുരേഷിനെയും പരിഗണിക്കേണ്ടി വരുമെന്ന തരത്തിലാണ് ചർച്ച.

എൽ.ഡി.എഫിൽ ചർച്ചയായില്ലെങ്കിലും തുടർഭരണം ലഭിക്കുകയും ഏറ്റുമാനൂരും പാലായും വിജയിക്കുകയും ചെയ്താൽ വി.എൻ.വാസവനും ജോസ് കെ മാണിയും മന്ത്രിയായേക്കും.

മുതിർന്ന കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയിൽ ആഭ്യന്തര വകുപ്പ് അടക്കം അഞ്ചു വകുപ്പുകൾ പരാതിക്കിടവരാത്ത വിധം മികച്ച നിലയിൽ കൈകാര്യം ചെയ്തു ശ്രദ്ധ നേടിയിരുന്നു. പ്രധാന വകുപ്പു തന്നെ തിരുവഞ്ചൂരിന് നൽകേണ്ടി വരുമെന്ന തരത്തിലാണ് അനുയായികളുടെ ചർച്ച.

ഉമ്മൻചാണ്ടിയുടെ മകനെന്ന പരിവേഷത്തിനൊപ്പം ഓർത്തഡോക്സ് സഭാ പ്രാതിനിധ്യണ് ചാണ്ടി ഉമ്മനെ പ്രധാനമായും പരിഗണിക്കുന്നതിന് കാരണം.

ന്യൂജെൻ പ്രചാരണത്തിലൂടെ ശ്രദ്ധേയനായ ചാണ്ടി ഉമ്മന് യുവജനവകുപ്പ് / കായിക വകുപ്പ്കിട്ടുമെന്ന് അനുയായികൾ ഇപ്പോഴേ പറഞ്ഞു തുടങ്ങി. രാഹുൽ ഗാന്ധി അടക്കം ഉന്നത കോൺഗ്രസ് നേതാക്കളുമായി അടുപ്പമുള്ള ചാണ്ടി ഉമ്മനെ ഒഴിവാക്കാൻ ആവില്ലെന്നാണ് വിലയിരുത്തൽ.

കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് മത്സരിക്കാത്ത സാഹചര്യത്തിൽ പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫിനാണ് പ്രഥമപരിഗണന.പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് ജയിച്ചാലും നേരത്തേ പൊതു മരാമത്ത്മന്ത്രിയായിട്ടുള്ള മുൻ കാല പരിചയം മോൻസിന് തുണയായേക്കും.

കൂടുതൽ സീറ്റ് ജോസഫ് വിഭാഗത്തിന് ലഭിച്ചാൽ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന തരത്തിലുള്ള ചർച്ചയും പാർട്ടി അണികൾക്കിടയിലുണ്ട്.

ഏറ്റുമാനൂരിൽ അട്ടിമറി ജയം നേടുമെന്ന വിശ്വാസമാണ് നാട്ടകം സുരേഷിനുള്ളത്. ജയിച്ചാൽ ഈഴവ പ്രാതിനിധ്്യവും ഡി.ഡി.സി പ്രസിഡന്റെന്ന പരിഗണനയും തുണയായേക്കും.

യു.ഡി.എഫിന് ഭരണം ലഭിക്കുകയും ഇവരെല്ലാം ജയിച്ചു മന്ത്രിയാവുകയും ചെയ്താൽ നാലു മന്ത്രി സ്ഥാനം കോട്ടയം ജില്ലയ്ക്ക് ലഭിക്കും.
നേരത്തേ ഉമ്മൻചാണ്ടിക്കു പുറമേ കെ.എം.മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ജില്ലയെ പ്രതിനിധീകരിച്ചു മന്ത്രിയായതിനു പുറമേ പി.സി ജോർജ് കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പുമായിട്ടുണ്ട്



أحدث أقدم