
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന പരസ്യ ചർച്ചകൾക്കെതിരെ മുതിർന്ന നേതാക്കൾ രംഗത്ത്. ഏകപക്ഷീയമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് കൃത്യമായ സംവിധാനങ്ങളുണ്ടെന്നും കെ. മുരളീധരനും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിലേക്ക് കോൺഗ്രസ് ഇതുവരെ കടന്നിട്ടില്ല. ഇത്തരം കാര്യങ്ങളിൽ വ്യക്തികൾ ഏകപക്ഷീയമായി അഭിപ്രായം പറയുന്നത് ശരിയല്ല. ജൂൺ നാലാം തീയതിക്ക് ശേഷം പാർട്ടി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. മുഖ്യമന്ത്രി ആരാകുമെന്ന് എല്ലാ ദിവസവും ചർച്ച ചെയ്യേണ്ട കാര്യമില്ല. ഫലം വരാൻ ഇനിയും 24 ദിവസങ്ങൾ ബാക്കിയുണ്ട്. ഹൈക്കമാൻഡ് യുക്തമായ സമയത്ത് തീരുമാനമെടുക്കും. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമാണുള്ളതെന്നും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾ ഉയർത്തി അണികൾ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് പ്രചാരണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മുതിർന്ന നേതാക്കളുടെ ഈ ഇടപെടൽ.