
കാസര്‍കോട്: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (FCRA) ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ ബിൽ മാറ്റിവെച്ചിരിക്കുന്നതെന്നും വൈകാതെ ബിജെപി ചർച്ച് ബില്ലും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ക്രൈസ്തവ സമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രം ബിൽ പാസാക്കുമെന്നും ക്രൈസ്തവ സമൂഹം നിരന്തരമായി വേട്ടയാടപ്പെടുകയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു. ബിജെപി നേതാക്കൾ കേക്കുമായി എത്തിയപ്പോൾ പുരോഹിതർ സ്വീകരിച്ചത് ഭരിക്കുന്ന പാർട്ടിയുമായി പ്രശ്നത്തിലായാൽ സമാധാനമായി ജീവിക്കാൻ കഴിയില്ലെന്ന ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിആർഎ ബില്ലുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അനുകൂലമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും താമരശ്ശേരി രൂപതാധ്യക്ഷൻ പറഞ്ഞു. സഭ എല്ലാ കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നവർ തളർന്നുപോകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തെ എൻജിഒകൾക്ക് ലഭിക്കുന്ന വിദേശ ധനസഹായത്തിൽ സർക്കാരിനുള്ള നിയന്ത്രണം വർദ്ധിപ്പിക്കാനാണ് 2026 മാർച്ച് 25-ന് ലോക്‌സഭയിൽ അവതരിപ്പിച്ച ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റി രൂപീകരിക്കാനാണ് ബില്ലിലെ ശുപാർശ. ഏതെങ്കിലും എൻജിഒകളുടെ ലൈസൻസ് റദ്ദാക്കിയാൽ അവരുടെ ആസ്തികൾ നിയന്ത്രിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം ഈ അതോറിറ്റിക്കുണ്ടാകും. ഫണ്ടുകളുടെ വിനിയോഗത്തിൽ കർശനമായ മേൽനോട്ടം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.