
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് കോടതി നടപടി മാറ്റിവെച്ചത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രോസിക്യൂഷൻ നിർദ്ദേശപ്രകാരം കോടതിയിൽ ഹാജരാവാൻ നിതിന്റെ പിതാവ് രാജന് നോട്ടീസ് ലഭിച്ചിരുന്നു. ഇന്ന് അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായ അദ്ദേഹം, അധ്യാപകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടു. പരാതിക്കാരന്റെ വാദം കൂടി പരിഗണിച്ച ശേഷം മാത്രമേ ജാമ്യകാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് രാജൻ കോടതിയെ അറിയിച്ചുഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ നാളെ കോടതിയിൽ നടക്കും. ദളിത് വിദ്യാർത്ഥിയായ നിതിൻ രാജിനെ അധ്യാപകർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന കുടുംബത്തിന്റെ ആരോപണം നിലനിൽക്കെ, കോടതിയുടെ നാളത്തെ തീരുമാനം കേസിൽ നിർണ്ണായകമാകും. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥികളും നിതിന് നീതി തേടി പ്രതിഷേധവുമായി രംഗത്തുണ്ട്.