വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണം നടത്തുകയെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ഓരോ ദുരന്തമുണ്ടാകുമ്പോഴും അന്വേഷണ കമ്മീഷനെ നിയമിക്കാറുണ്ട്. വിമാന ദുരന്തമുണ്ടായാൽ അത് അന്വേഷിക്കുന്ന കമ്മീഷൻ വിമാനം നിരോധിക്കണമെന്ന് പറയാറില്ല. അതുപോലെ വെടിക്കെട്ടിന്റെ കാര്യത്തിലും സുരക്ഷിതമായ മാർഗ്ഗങ്ങളാണ് കണ്ടെത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് പ്രത്യേക കമ്മീഷന്റെ ആവശ്യം ഇല്ല. സർക്കാർ അത്തരമൊരു കാര്യം ഉദ്ദേശിച്ചിട്ടുള്ളതായും അറിയില്ല. മറിച്ച്, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി ആചാരങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് കമ്മീഷൻ പരിശോധിക്കുക.
അന്വേഷണത്തിന്റെ ഭാഗമായി മറ്റന്നാൾ കമ്മീഷൻ തൃശ്ശൂരിലെത്തും. ആദ്യം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരെ കണ്ട് വിവരങ്ങൾ ശേഖരിക്കും. അതിന് ശേഷം അപകടം നടന്ന മുണ്ടത്തിക്കോട്ടെ സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. വെടിക്കെട്ട് നിർമ്മാണത്തിലും പ്രദർശനത്തിലും വരുത്തേണ്ട ശാസ്ത്രീയമായ മാറ്റങ്ങളെക്കുറിച്ച് വിദഗ്ധരുമായി കമ്മീഷൻ ചർച്ച നടത്തുമെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ അറിയിച്ചു.