
പാലക്കാട്: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിയിൽ പാലക്കാട്ടെ എൻഡിഎ പ്രതിനിധികൾക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസാണ് നടപടിയെടുത്തത്. കണ്ടാലറിയാവുന്ന എൻഡിഎ പ്രവർത്തകർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ ആൾ വയോധികയായ വോട്ടർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. വോട്ട് ചോദിച്ചു വന്നവരോട് അയ്യായിരം രൂപ ആവശ്യപ്പെട്ടെന്നും പണം ലഭിച്ചെന്നും ദൃശ്യങ്ങളിലുള്ള വയോധിക ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് ഈ മൊഴി തിരുത്തി. പിരായിരി പഞ്ചായത്തിൽ വോട്ടർമാർക്ക് ബിജെപി സാരി വിതരണം ചെയ്തെന്ന ആരോപണവും ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തന്നെ രാഷ്ട്രീയമായി വേട്ടയാടാനുള്ള മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നാണ് ശോഭാ സുരേന്ദ്രന്റെ വാദം.
വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ കർശന നിരീക്ഷണം തുടരുകയാണ്.