
പത്തനംതിട്ട: വിവാഹപ്പന്തലിലേക്ക് പോകും മുൻപേ പോളിംഗ് ബൂത്തിലെത്തി പൗരന്റെ കടമ നിർവ്വഹിച്ച് ഒരു വധു. പത്തനംതിട്ട അടൂർ നെല്ലിമുകൾ സ്വദേശിനി ആശ വിൽസണാണ് വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തി പോളിംഗ് ബൂത്തിൽ കൗതുകക്കാഴ്ചയായത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽ ജനാധിപത്യ പ്രക്രിയയിലും പങ്കാളിയാകണമെന്ന ഉറച്ച തീരുമാനത്തിലാണ് ആശ ബൂത്തിലെത്തിയത്.
അടൂർ പാറക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ 75-ാം നമ്പർ ബൂത്തിലാണ് ആശ സമ്മതിദാന അവകാശം വിനിയോഗിച്ചത്. വിവാഹ നിശ്ചയിച്ച സമയത്തിന് മുൻപേ തന്നെ കുടുംബാംഗങ്ങൾക്കൊപ്പം വോട്ട് ചെയ്യാൻ ആശ സ്കൂളിലെത്തി. സർവ്വാലങ്കാര വിഭൂഷിതയായി വിവാഹ വേഷത്തിലെത്തിയ വധുവിനെ വോട്ടർമാരും ഉദ്യോഗസ്ഥരും കൗതുകത്തോടെയും നിറഞ്ഞ ചിരിയോടെയുമാണ് സ്വീകരിച്ചത്