
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ നീക്കവുമായി റിസർവ് ബാങ്ക്. 10,000 രൂപയ്ക്ക് മുകളിലുള്ള പി2പി ഇടപാടുകൾക്ക് ഒരു മണിക്കൂർ ‘കൂൾ ഓഫ്’ വിൻഡോ ഏർപ്പെടുത്താനാണ് ആർബിഐ ആലോചിക്കുന്നത്. യുപിഐ, ഐഎംപിഎസ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ എല്ലാ ഡിജിറ്റൽ മാർഗ്ഗങ്ങൾക്കും ഇത് ബാധകമായേക്കും.
പണം അയക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഉടൻ ഡെബിറ്റ് ആകുമെങ്കിലും സ്വീകർത്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകാൻ ഒരു മണിക്കൂർ സമയമെടുക്കും. പണം അയച്ചത് മാറിപ്പോകുകയോ തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ ഈ ഒരു മണിക്കൂറിനുള്ളിൽ ഇടപാട് റദ്ദാക്കാം. ഡെബിറ്റ് ആയ പണം മറ്റ് നൂലാമാലകളില്ലാതെ അക്കൗണ്ടിലേക്ക് തിരികെ എത്തും. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് പണം തട്ടുന്ന ‘ഓതറൈസ്ഡ് പുഷ് പേയ്മെന്റ്’ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് ഈ നീക്കം.
പതിവായി പണമയക്കുന്ന വ്യക്തികളെ ‘വൈറ്റ്‌ലിസ്റ്റ്’ ചെയ്താൽ അവർക്കുള്ള ഇടപാടുകൾക്ക് ഈ താമസം ബാധകമാകില്ല. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ ഈ വിൻഡോ ‘ഓവർറൈഡ്’ ചെയ്യാനുള്ള സൗകര്യവും പരിഗണനയിലുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഡിജിറ്റൽ ഇടപാടുകൾ 38 മടങ്ങ് വർദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ ശക്തമാക്കാൻ ആർബിഐ ഒരുങ്ങുന്നത്. പദ്ധതി എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വരാനിരിക്കുന്നതേയുള്ളൂ.