അറ്റ് യുവർ ഓൺ റിസ്ക്’… എന്നാണ് നിതിന്റെ വീട്ടിൽ പോകുന്ന കാര്യം ചോദിച്ചപ്പോൾ മാനേജ്മെന്റ് പറഞ്ഞത്… വിദ്യാർത്ഥികൾ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനും മാനേജ്‌മെന്റ് ശ്രമിക്കുന്നതായി വിദ്യാർത്ഥി യൂണിയൻ. നിതിന്റെ വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ ‘അറ്റ് യുവർ ഓൺ റിസ്ക്’ (At your own risk) എന്നാണ് മാനേജ്‌മെന്റ് മറുപടി നൽകിയതെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ഫോട്ടോയും ദൃശ്യങ്ങളും പകർത്തി അവരെ നിരീക്ഷിക്കാൻ മാനേജ്‌മെന്റ് ആളെ ഏർപ്പാടാക്കി. കരിയർ തകർക്കുമോ എന്ന ഭയത്തിലാണ് വിദ്യാർത്ഥികൾ. ചർച്ചയ്ക്ക് എത്തിയ മാനേജ്‌മെന്റ് പ്രതിനിധി കുറ്റാരോപിതനായ ഡോ. റാമിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. തീരുമാനമെടുക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെയാണ് ചർച്ചയ്ക്ക് അയച്ചതെന്നും പരാതിയുണ്ട്.

വിദ്യാർത്ഥികളെ ‘കോളനി’ എന്നും ‘ഗോത്രവർഗ്ഗക്കാരൻ’ എന്നും വിളിച്ചും, പെൺകുട്ടിയെ ‘കറുത്ത പശു’ എന്ന് പരിഹസിച്ചും ഡോ. റാം അധിക്ഷേപിച്ചിരുന്നു. ക്രൂരമായ ഈ അധ്യാപകൻ തന്നെയാണ് കോളജിലെ റാഗിംഗ് വിരുദ്ധ സമിതിയുടെ ചുമതല വഹിക്കുന്നതെന്നത് ഞെട്ടിക്കുന്നതാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഡോ. റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്കരിക്കുമെന്നും മറ്റു അധ്യാപകർക്കെതിരായ പരാതികളിലും നടപടി വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു

Previous Post Next Post