യുദ്ധം മതി….. ട്രംപിന് കടുത്ത മറുപടിയുമായി പോപ്പ് ലിയോ…. സമാധാനത്തിന് ലോകത്തോട് ആഹ്വാനം


ലോക രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയും കത്തോലിക്ക സഭാധ്യക്ഷൻ പോപ്പ് ലിയോയും തമ്മിലുള്ള വാക്കേറ്റം.

യുദ്ധത്തിനെതിരെ ശക്തമായ നിലപാട് ആവർത്തിച്ച് പോപ്പ് ലിയോ രംഗത്തെത്തി. സമാധാനവും ചർച്ചകളുമാണ് ലോകത്തിന് ആവശ്യമെന്നും, നിരപരാധികളുടെ ജീവൻ രക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും, ട്രംപുമായി നേരിട്ട് വാദത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്നും പോപ്പ് വ്യക്തമാക്കി.

വത്തിക്കാനിലെ പീറ്റർസ് ബേസിലിക്കയിൽ വിശ്വാസികളോട് സംസാരിക്കവെയാണ് പോപ്പ് ലിയോ ലോക നേതാക്കളോട് തുറന്ന ആഹ്വാനം നടത്തിയത്.“മതി, പണത്തിന്റെയും അധികാരത്തിന്റെയും വിഗ്രഹാരാധന! മതി, യുദ്ധം!” എന്നായിരുന്നു അദ്ദേഹത്തിന്റെ കടുത്ത പ്രതികരണം.

അതേസമയം, പോപ്പിന്റെ പ്രസ്താവനയെ തുടർന്ന് പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രേഡസിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, പോപ്പ് ലിയോയെ താൻ ആരാധിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. പോപ്പ് വളരെ ലിബറലാണെന്നും കുറ്റകൃത്യങ്ങളെ തടയുന്നതിൽ വിശ്വാസമില്ലാത്തയാളാണെന്നും അദ്ദേഹം ആരോപിച്ചു.

തുടർന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യൽ വഴി ട്രംപ് കൂടുതൽ വിമർശനം ഉന്നയിച്ചു. “ഇറാൻ പോലുള്ള രാജ്യങ്ങൾ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട” എന്നാണ് ട്രംപ് കുറിച്ചത്.

Previous Post Next Post