
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ട് കോഴ ആരോപണത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പാലക്കാട് ആർ.ഡി.ഒ ആണ് മൊഴിയെടുത്തത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വോട്ടർക്ക് പണം നൽകിയെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് നടപടി. ആരോപണങ്ങൾ ശോഭാ സുരേന്ദ്രൻ പൂർണ്ണമായും നിഷേധിച്ചു.
കണ്ണാടി പഞ്ചായത്തിലെ ഒരു വീട്ടിലെ വൃദ്ധയ്ക്ക് ബി.ജെ.പി പ്രവർത്തകർ പണം നൽകുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ശോഭാ സുരേന്ദ്രൻ വോട്ട് ചോദിച്ച് മടങ്ങിയ ഉടനെ കൂടെയുണ്ടായിരുന്ന സിമി സജീവ് വൃദ്ധയുടെ കയ്യിൽ പണം നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പ്രവർത്തകർ ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സമീപത്തെ മരണവീട് സന്ദർശിച്ച ശേഷമാണ് ശോഭയും സംഘവും ഈ വീട്ടിലെത്തിയത്. പ്രവർത്തകർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് കണ്ട് ശോഭാ സുരേന്ദ്രൻ കാറിലിരുന്ന് തട്ടിക്കയറുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. വോട്ടർക്ക് അയ്യായിരം രൂപ നൽകിയെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.