
വോട്ട് ചെയ്താൽ മധുരം കിട്ടുമെന്ന് കേട്ട് ബൂത്തിലെത്തിയ കന്നി വോട്ടർക്ക് കിട്ടിയത് നിരാശ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്ത യുവാവാണ് ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിളിച്ച് പരാതിപ്പെട്ടത്. കലക്ടറുടെ സോഷ്യൽ മീഡിയ പേജിലെ റീൽസ് കണ്ട് ഹൽവ പ്രതീക്ഷിച്ചെത്തിയ യുവാവ് ഒടുവിൽ തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിലേക്ക് വരെ വിളിക്കുകയായിരുന്നു.
വോട്ട് രേഖപ്പെടുത്തിയ ഉടനെ യുവാവ് ഉദ്യോഗസ്ഥരോട് ഹൽവ ആവശ്യപ്പെട്ടെങ്കിലും ഇവിടെ ഹൽവ വിതരണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും നമ്പർ സംഘടിപ്പിച്ച് യുവാവ് പരാതി അറിയിക്കുകയായിരുന്നു. കലക്ടറുടെ പേജിൽ ഹൽവ നൽകുന്ന ദൃശ്യങ്ങൾ ഉള്ളതിനാൽ കലക്ടറേറ്റിലും വിളിച്ച് പരാതി പറഞ്ഞു.
തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് മധുരം നൽകുന്നതെന്ന മറുപടിയാണ് അധികൃതർ നൽകിയതെന്ന് യുവാവ് പറയുന്നു. കന്നി വോട്ടർമാർക്ക് മധുരം പകരാൻ ഹൽവ നൽകുമെന്ന് നേരത്തെ കമ്മീഷൻ അറിയിച്ചിരുന്നു.