
ഒഴിഞ്ഞ പറമ്പിലെ കിണറിൽ പുള്ളിപ്പുലിയുടെയും കാട്ടുപന്നി എന്ന് തോന്നിക്കുന്ന ജീവിയുടെയും ജഡം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ പുളിക്കൽ ഔസേപ്പച്ചൻ എന്നയാളുടെ പറമ്പിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ കിണറിലാണ് മൃഗങ്ങളെ ചത്ത് ജീർണിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വൈകീട്ട് നാലോടെ കൂമ്പാറ തോടിന് സമീപം വാഹനം കഴുകാനായി ഏതാനും പേർ എത്തിയിരുന്നു. അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ ഇവർ പരിസരങ്ങളിലെല്ലാം പരിശോധ നടത്തി. സമീപത്തെ പറമ്പിലെ കിണറും നിരീക്ഷിച്ചപ്പോഴാണ് അതിൽ നിന്നാണ് ദുർഗന്ധം വരുന്നതെന്ന് മനസ്സിലായത്. പിന്നീട് ടോർച്ച് ഉൾപ്പെടെ വെളിച്ചം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ പുലിയുടേയും കാട്ടുപന്നിയുടേതിനും സമാനമായ ജഡങ്ങൾ കിണറിൽ കണ്ടെത്തുകയായിരുന്നു.
കണ്ടെത്തിയ ജീവികളുടെ മൃതദേഹത്തിന് മൂന്ന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്. വിവരം അറിഞ്ഞതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജഡങ്ങൾ പുറത്തെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.